അവർ എന്നോട് വിവേചനം കാട്ടിയില്ലായിരുന്നെങ്കിൽ

1986ൽ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പ്രൈസ് കരസ്ഥമാക്കിയ ജൂതവംശജയായ Rita Levi- Montalciniയുടെ വാക്കുകളാണിത്. Nueroembryologist ആയിരുന്ന റീറ്റയ്ക്ക് കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന Nerve Growth Factor (NJF) കണ്ടെത്തിയതിനാണ് സ്റ്റാൻലി കോഹനൊപ്പം പരമോന്നത ബഹുമതി ലഭിച്ചത്. ഇറ്റലിയിലെ ടൂറിനിൽ 1906ൽ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലാണ് റീറ്റ ജനിച്ചത്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്നെങ്കിലും orthodox jew ആയിരുന്ന പിതാവ് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസമൊന്നും ആവശ്യമില്ലെന്ന പക്ഷക്കാരനായിരുന്നു. മിടുമിടുക്കിയായ റീറ്റയെ കോളേജിൽ വിടില്ലെന്ന് ആദ്യം കട്ടായം പറഞ്ഞെങ്കിലും പഠിക്കാനുള്ള മകളുടെ നിർബന്ധബുദ്ധിക്കും ശാഠ്യത്തിനും മുന്നിൽ മതജീവിയായ ആ പിതാവിന് കീഴടങ്ങേണ്ടിവന്നു. ടൂറിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ ബിരുദം നേടിയെങ്കിലും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിൽ റീറ്റയ്ക്ക് അത്ര താല്പര്യമില്ലായിരുന്നു. വൈദ്യശാസ്ത്രഗവേഷണം അതായിരുന്നു റീറ്റയുടെ ഇഷ്ടമേഖല.


ന്യൂറോളജിയിൽ റിസർച്ച് തുടങ്ങിയപ്പോഴേക്കും ഇറ്റലി ഫാസിസ്റ്റ് മൂസോളിനിയുടെ നിയന്ത്രണത്തിലായി കഴിഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ജൂതർക്ക് അർഹതയില്ലെന്ന് ഹിറ്റ്ലറുടെ ബെസ്റ്റ് ഫ്രണ്ട് ഉത്തരവിറക്കിയപ്പോൾ റീറ്റ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടു.